Thursday, February 12, 2015

കേരളം പ്രബുദ്ധത വീണ്ടെടുക്കുമ്പോള്‍

കേരളത്തിന്‍റെ നഷ്ടപ്പെട്ട പ്രബുദ്ധതയെ പുതുക്കിപ്പണിയാം... പ്രതീക്ഷയും ആത്മവിശ്വാസവും ഉയര്‍ത്തിയ ആ രാഷ്ട്രീയ ശിശുവിനെ – ആം ആദ്മി പാര്‍ട്ടിയെ – നമുക്ക് സംരക്ഷിക്കാം...വളര്‍ത്തി വലുതാക്കാം. ചരിത്രം നമ്മെ കുറ്റക്കാരല്ലെന്ന് വിധിക്കും. 


കേരളത്തിന്‍റെ സാമൂഹ്യജീവിതത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ വളര്‍ത്തിയെടുത്ത് പ്രബുദ്ധതയുടെ വിത്ത്‌ ജനമനസ്സുകളില്‍ പാകിയ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍...
വിദേശാധിപത്യത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ ആളിപ്പടര്‍ന്ന ദേശീയ സ്വാതന്ത്ര്യസമരത്തിന്‍റെ തീക്കാറ്റ്...
ജന്മിത്വ ചൂഷണത്തിനെതിരെ കര്‍ഷകരുടെ രക്ഷകരായി വന്ന കര്‍ഷകസംഘം...
എല്ലാ വിധ ചൂഷണങ്ങളില്‍ നിന്നും മാനവരാശിയുടെ പോരാട്ടങ്ങള്‍ക്ക് ത്യാഗോജ്ജ്വലമായ നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം...
മേല്‍പ്പറഞ്ഞ എല്ലാ ചരിത്രഘട്ടങ്ങളിലൂടെയും ഈ മണ്ണില്‍ രചിക്കപ്പെട്ടത് ആദര്‍ശാധിഷ്ടിതവും സത്യസന്ധവും നിസ്വാര്‍ത്ഥവുമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഉജ്ജ്വലമായ ആവിഷ്ക്കാരമായിരുന്നു.
വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും പ്രത്യക്ഷപ്പെട്ട ഉന്നതമായ സാംസ്കാരിക ധാരയിലൂടെ കേരളം അതിന്‍റെ പ്രബുദ്ധതയാല്‍ ശ്രദ്ധിക്കപ്പെട്ടു.ജീവിതത്തിന്‍റെ സമസ്ത മണ്ഡലങ്ങളിലും ആരോഗ്യകരമായ പുരോഗതി സൃഷ്ടിച്ചു കൊണ്ട് കേരളം ഇന്ത്യക്കാകെ മാതൃകയായി.
അധികാരശ്രേണിയിലെക്ക് കടന്നുവന്ന ആദ്യകാല നേതാക്കള്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ളവരായിരുന്നു. എന്നാല്‍, ക്രമേണ ചരിത്രം ഏല്‍പ്പിച്ച കടമ പൂര്‍ത്തിയാക്കാതെ ജനങ്ങളെ വിസ്മരിച്ച രാഷ്ട്രീയ-സാമുദായിക-മത നേതൃത്വങ്ങളെ ചുമക്കേണ്ട ഗതികേടിലേക്ക് കേരളം മാറി.
ഗാന്ധിയന്‍ ആദര്‍ശം കൈവെടിഞ്ഞ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ്‌ മാനവികതയുടെ വെളിച്ചം തല്ലിക്കെടുത്തിയ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളും വര്‍ഗ്ഗീയ-ഫാസിസ്റ്റ് ശക്തികള്‍ക്ക് കേരളത്തില്‍ വേരോട്ടമുണ്ടാക്കുന്ന ഭീതിജനകമായ സാഹചര്യം ഒരുക്കിക്കൊടുത്തു.
അങ്ങനെ അവര്‍ കേരളത്തിന്‍റെ പ്രബുദ്ധതയെ ചുട്ടുകരിച്ചു.
ഇന്നിപ്പോള്‍ എന്താണ് കേരളം?
“ദൈവത്തിന്‍റെ സ്വന്തം നാട്” എന്ന ഓമനപ്പേരിന്‍റെ മറവില്‍ മാഫിയകളും ചങ്ങാത്ത മുതലാളിത്തത്തിന്‍റെ പരിസേവകരായ രാഷ്ട്രീയ വൈതാളികരും ചേര്‍ന്ന് കേരളത്തിനെ ഇരുട്ടിത്തിലാഴ്ത്തി. അഴിമതി,സ്വജനപക്ഷപാതം, മാഫിയാ വിളയാട്ടം, ചങ്ങാത്ത മുതലാളിത്തം തുടങ്ങി ഒരു ജനാധിപത്യ സമൂഹത്തിന്‍റെ അടിവേരറുക്കുന്ന എല്ലാവിധ കുത്സിത പ്രവര്‍ത്തികളിലും ഇന്നത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പങ്കാളികളാണ്.
എല്‍.ഡി.എഫിലും യു.ഡി.എഫിലും ഉള്ള എല്ലാ പ്രവര്‍ത്തകരും നേതാക്കളും മോശക്കാരാണോ? അല്ല.
ആം ആദ്മി പാര്‍ട്ടി എല്ലാം തികഞ്ഞ പാര്‍ട്ടിയാണോ? അല്ല.
ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടു വന്ന ജനപക്ഷ രാഷ്ട്രീയവും പൊതുജീവിതത്തില്‍ കാത്തുസൂക്ഷിക്കുന്ന ആദര്‍ശവും സത്യസന്ധതയും 
ഇന്ത്യയിലെ ഏതെങ്കിലും മുഖ്യധാരാ പാര്‍ട്ടികള്‍ക്കുണ്ടോ? ഇല്ല.
വര്‍ഗ്ഗീയ-ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തിലേറിയത് കണ്ട് അമ്പരന്നു നിന്ന ഇടത്-വലത് കക്ഷികളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, സാധാരണക്കാരന്‍റെ പാര്‍ട്ടി ജനങ്ങളെ അണിനിരത്തി ആശയറ്റ ജനാധിപത്യ മനസ്സുകളില്‍ ആത്മവിശ്വാസത്തിന്‍റെ പ്രകാശം പരത്തിയത് സത്യമല്ലേ? അതെ.
എല്ലാവിധ ജനവിരുദ്ധതകളോടും, മറ്റൊരു മാര്‍ഗ്ഗം മുന്നില്‍ തെളിയാതെ വന്നപ്പോള്‍, സന്ധി ചെയ്യേണ്ടി വന്ന ഒരു ജനതയല്ലേ കേരളീയര്‍? അതെ. ചൂഷകവര്‍ഗ്ഗത്തിനെതിരെ കര്‍ഷകര്‍,കൈവേലക്കാര്‍,തൊഴിലാളികള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍,ചെറുകിട സമ്പന്നര്‍,വിദ്യാര്‍ഥികള്‍,യുവാക്കള്‍ എന്നിവരെ അണിനിരത്തി ജനകീയ ജനാധിപത്യ ഐക്യവും പോരാട്ടവും സാധ്യമാണെന്ന് ആം ആദ്മി പാര്‍ട്ടി തെളിയിച്ചില്ലേ? തീര്‍ച്ചയായും. ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ്‌ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാന്‍ ഓരോ പൌരനുമുള്ള കടമ എന്തെന്ന് സര്‍ഗ്ഗാത്മകമായി തെളിയി ക്കുകയല്ലേ യഥാര്‍ത്ഥത്തില്‍ ആം ആദ്മി പാര്‍ട്ടി ചെയ്തത്? അതെ. എങ്കില്‍ നമുക്ക് ഉത്തമ പൌരന്മാരാകാം...

കേരളത്തിന്‍റെ നഷ്ടപ്പെട്ട പ്രബുദ്ധതയെ പുതുക്കിപ്പണിയാം...
പ്രതീക്ഷയും ആത്മവിശ്വാസവും ഉയര്‍ത്തിയ 
ആ രാഷ്ട്രീയ ശിശുവിനെ – ആം ആദ്മി പാര്‍ട്ടിയെ – 
നമുക്ക് സംരക്ഷിക്കാം...വളര്‍ത്തി വലുതാക്കാം.
ചരിത്രം നമ്മെ കുറ്റക്കാരല്ലെന്ന് വിധിക്കും.